Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, July 28, 2012

ജി.ശങ്കരക്കുറുപ്പ്: അപാരതയിലേക്കുള്ള വാതിലുകള്‍

അപാരതയിലേക്കുള്ള വാതിലുകളായിരുന്നു ജി.യുടെ കവിതകള്‍. ദര്‍ശനങ്ങളുടെ വിവിധ ആകാശങ്ങള്‍ അവ കാണിച്ചുതന്നു. കാല്പനികതയുടെയും ഇമേജിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയുമൊക്കെ വക്താവായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജിയെ ദാര്‍ശനികകവിയെന്നു വിളിക്കാം. ആദ്യത്തെ ജ്ഞാനപീഠപുരസ്‌കാരം ജി.യിലൂടെ മലയാളത്തിനു ലഭിച്ചു. 1901 ജൂണ്‍ 3ന് കാലടി നായത്തോട് ഗ്രാമത്തില്‍ ശങ്കരവാര്യരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനനം. ചെറുപ്പത്തിലേ സംസ്‌കൃതം പഠിച്ചു. ഹയര്‍ പരീക്ഷ ജയിച്ച് 17-ാം വയസ്സില്‍ ഹെഡ്മാസ്റ്ററായി ജോലി ലഭിച്ചു. നാലാംവയസ്സില്‍തന്നെ കവിതയെഴുതിത്തുടങ്ങിയ ജി. അപ്പോള്‍ അറിയപ്പെട്ടുതുടങ്ങിയിരുന്നു. പിന്നീട് വൈക്കത്ത് കോണ്‍വെന്റ് സ്‌കൂളില്‍ ജോലിചെയ്ത ജി., പണ്ഡിത പരീക്ഷ ജയിച്ചു. പിന്നീട് വീണ്ടും സംസ്‌കൃത പഠനം. പലേടത്തും അധ്യാപനം. ഒപ്പം കവിതയെഴുത്തും. 1926-ല്‍ വിദ്വാന്‍പരീക്ഷ ജയിച്ച് തൃശ്ശൂര്‍ ട്രെയ്‌നിങ് കോളേജില്‍ ചേര്‍ന്നു. 1937-ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി. 1956-ല്‍ വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും ജി. പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യസഭയിലും അംഗമായിരുന്നു. വിശ്വദര്‍ശനം എന്ന കൃതിക്ക് 1963-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1961-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 'ഓടക്കുഴ'ലിന് 1965-ലാണ് ജ്ഞാനപീഠം ലഭിക്കുന്നത്. പദ്മഭൂഷണ്‍ പുരസ്‌കാരവും ജി.യെ തേടിയെത്തി. 1978 ഫിബ്രവരി 2ന് അന്തരിച്ചു. പ്രകൃതിയുടെ സൗന്ദര്യവും വിശ്വത്തിന്റെ അമേയതയും ഉണര്‍ത്തുന്ന അത്ഭുതം, അജ്ഞേയ വിശ്വശക്തിയോടുള്ള ആരാധന, ജീവിതത്തെ ആര്‍ദ്രവും സുരഭിലവുമാക്കുന്ന പ്രേമവാത്സല്യങ്ങള്‍, സ്വാതന്ത്ര്യതൃഷ്ണ തുടങ്ങിയ ആദ്യകാല ഭാവങ്ങള്‍ പിന്നീട് ജീവിതരതിയിലേക്കും ആസ്തിക്യബോധത്തിലേക്കും നീങ്ങുന്നതു കാണാം. അന്വേഷണം, എന്റെ വേളി, സൂര്യകാന്തി, ഇന്നു ഞാന്‍ നാളെ നീ തുടങ്ങിയ പ്രശസ്ത ഭാവഗീതങ്ങളടങ്ങിയ സൂര്യകാന്തി (1933) ജി.യെ അതിപ്രശസ്തനാക്കി. ടാഗൂറിന്റെ കവിതകള്‍ ജി.യെ സ്വാധീനിച്ചിട്ടുണ്ട്. ടാഗൂര്‍ക്കവിതകളുടെ പല സവിശേഷതകളും ജി.ക്കും ബാധകമാണെന്ന് നിരൂപകര്‍ പറയുന്നു. ചന്ദനക്കട്ടില്‍, കല്‍വിളക്ക്, ഇണപ്രാവുകള്‍, ഭഗ്‌നഹൃദയം, ശ്വസിക്കുന്ന പട്ടട, പെരുന്തച്ചന്‍ തുടങ്ങിയ ആഖ്യാനകവിതകള്‍ പ്രശസ്തങ്ങളാണ്.

No comments:

Post a Comment