
ജനുവരി 16 മുതല്‍ തൃശ്ശൂരില്‍ നടക്കുന്ന 52 ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഒരേ സമയം ആറു വേദികളില്‍ നിന്നും ലൈവായി കാണാന്‍ ഐ.ടി@സ്കൂള്‍ സംവിധാനമൊരുക്കി. ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് ചാനല്‍ വഴിയും, വെബ് സ്ട്രീമിങ് വഴിയും നടത്തുന്ന സംപ്രേക്ഷണത്തിന് പുറമെയാണിത്. www.schoolkalosavamlive.in ലിങ്കില്‍ ഒരേ സമയം ആറു സ്റേജുകള്‍ പ്രത്യക്ഷപ്പെടും; ഇതില്‍ കാണാനാഗ്രഹിക്കുന്ന സ്റേജിനങ്ങള്‍ ലൈവായി ദര്‍ശിക്കാം. വിക്ടേഴ്സ് ചാനലിലും www.victers.itschool.gov.in പോര്‍ട്ടലിലും കലോല്‍സവത്തിലെ പ്രസക്തഭാഗങ്ങള്‍ ഇതിനുപുറമെ ലഭ്യമാകും. കലോത്സവത്തിന്റെ നടത്തിപ്പും ഫലപ്രഖ്യാപനവും പരിപൂര്‍ണമായും ഓണ്‍ലൈനാക്കാനുളള www.schoolkalolsavam.in പോര്‍ട്ടലും ഐ.ടി@സ്കൂള്‍ തയ്യാറാക്കിയിട്ടുണ്ട്. എത്ര കൂടിയ ഡാറ്റയും ഞൊടിയിടയ്ക്കുളളില്‍ പ്രത്യക്ഷപ്പെടുന്ന കണ്ടന്റ് ഡലിവറിനെറ്റ് വര്‍ക്ക് വഴിയാണ് ആറു വേദികളില്‍ ഒരേ സമയം കാണാനുളള സംവിധാനം ഡി-ഡിറ്റിന്റെ സഹായത്തോടെ ഐ.ടി@സ്കൂള്‍ ഒരുക്കിയിട്ടുളളത്. സെര്‍വര്‍ അധിഷ്ഠിത വെബ് ഹോസ്റിങ് സംവിധാനത്തില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വെബ് അപേക്ഷകള്‍ വരുമ്പോള്‍ സെര്‍വര്‍ ഹാങ് ആകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആയിരക്കണക്കിന് സെര്‍വര്‍ ശ്യംഖലകളില്‍ വിവരം വിതറിയിടുകയും ഉപയോക്താവിന് ഏറ്റവും അടുത്ത സെര്‍വറില്‍ നിന്ന് അനായാസേന ലഷ്യമാക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടന്റ് ഡലിവറി നെറ്റ് വര്‍ക്ക് അഥവാ സി.ഡി.എന്‍. 2010 ലെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനത്തിലാണ് കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു സംവിധാനം ആവിഷ്കരിച്ചത്. കഴിഞ്ഞ വര്‍ഷം കോട്ടയത്ത് നടന്ന സംസ്ഥാന കലോത്സവം ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് വെബ് ചാനല്‍ വഴി 68 രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ കണ്ടിരുന്നു.