Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, January 24, 2012

സുകുമാര്‍ അഴീക്കോട് അന്തരിച്ചു



തൃശൂര്‍: അധ്യാപകന്‍, നിരൂപകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ വേറിട്ട വ്യക്തിത്വമായ ഏഴ് പതിറ്റാണ്ട് കാലം കേരളത്തിന്റെ സാമൂഹിക സാംസ്കാരിക പൊതുപ്രവര്‍ത്തന മേഖലകളില്‍ നിറഞ്ഞുനിന്ന ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 6.40ന് തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. രാവിലെ എട്ട് മണിയോടെ മൃതദേഹം ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. അതിന് ശേഷം രാവിലെ 10മണിയോടെ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ബുധനാഴ്ച നടക്കും.

1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും മകനായാണ് സുകുമാര്‍ അഴീക്കോട് ജനിച്ചത് . ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്ന് എസ്. എസ്. എല്‍. സി വിജയിച്ച ശേഷം കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തി. ബി. ടി ബിരുദം നേടി പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും മാസ്റര്‍ ബിരുദം നേടി. കേരള സര്‍വകലാശാലയില്‍ നിന്ന് ‘മലയാള സാഹിത്യ വിമര്‍ശനം എന്ന ഗവേഷണ പ്രബന്ധത്തിന് ഡോക്ടറേറ്റ് ലഭിച്ചു. താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍വഹിച്ച രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജുകളില്‍ ലക്ചറര്‍, മൂത്തകുന്നം എസ്. എന്‍. എ. ട്രെയിനിങ്ങ് കോളജ് പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലറായത്. പിന്നീട് ആക്ടിങ്ങ് വൈസ് ചാന്‍സലറായും സേവനം അനുഷ്ടിച്ചു. തത്വമസി എന്ന ഒരൊറ്റ ഗ്രന്ഥം മതി അദ്ദേഹത്തിന്റെ പാണ്ഡിത്യം എത്രത്തോളം വലുതായിരുന്നെന്ന് മനസിലാക്കാന്‍. വേദങ്ങളിലും ഉപനിഷത്തുകളിലും അധിഷ്ടിതമായ ഇന്ത്യന്‍ തത്വചിന്തയെ ആധാരമാക്കിയുള്ള ഈ രചന ഭാഷയിലും സാഹിത്യത്തിലും ചിന്താപരമായുള്ള അഴീക്കോടിന്റെ പാണ്ഡിത്യം വെളിപ്പെടുത്തുന്നതാണ്. വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഗുരുതുല്യനായ പ്രശസ്ത കവി ജി. ശങ്കരകുറുപ്പിന്റെ രചനകളെ സൃഷ്ടിപരമായി വിമര്‍ശിച്ച് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തിലൂടെ സുകുമാര്‍ അഴീക്കോട് ഏറെ ശ്രദ്ധേയനായി. ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, മഹാത്മാവിന്റെ മാര്‍ഗം, പുരോഗമന സാഹിത്യവും മറ്റും, മലയാള സാഹിത്യ വിമര്‍ശം, തത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിന് ഭാരതധരേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, ഭാവന എന്ന വിസ്മയം, ഭാവയാത്രകള്‍, തുടങ്ങിയ 35 ല്‍ അധികം കൃതികള്‍ രചിച്ചിട്ടുണ്ട്.