Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, June 28, 2011

ചരമഗീതവും മറ്റു കവിതകളും


Courtesy:Malayalam SRG Blog
മണികണ്ഠദാസ്.കെ.വി.

മലയാളത്തിലെ കാലിക കാല്പനിക ശബ്ദങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്ന് ഇന്നും ഒ എന്‍ വിയുടേതാണ്. ചങ്ങമ്പുഴയിലും പി യിലും വര്‍ണവസന്തം വിരിയിച്ച കാല്പനികത അതിന്റെ നിയന്ത്രിതമായ തിരനോട്ടം നടത്തുന്നത് ഒ എന്‍ വിയിലാണ്. സ്വപ്നത്തിന്റെ മായികതയും ഉണര്‍വിന്റെ ജാഗ്രതയും ഒത്തപാകത്തില്‍ ലയിച്ചു ചേര്‍ന്ന ഒ എന്‍ വി കവിത ഭാവപരമായ ഏകാഗ്രത പാലിക്കാന്‍ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു.
ഭൂമിക്ക് ഒരു ചരമഗീതം എന്ന കവിതാസമാഹാരത്തില്‍ പ്രമേയപരമായും ആഖ്യാനപരമായും വ്യത്യസ്തത വെളിപ്പെടുത്തുന്ന മുപ്പതുകവിതകളുണ്ട്. അവയില്‍ ഭൂമിക്ക് ഒരു ചരമഗീതം, സൂര്യഗീതം, കൃഷ്ണപക്ഷത്തിലെ പാട്ട്, കുഞ്ഞേടത്തി, കോതമ്പുമണികള്‍ എന്നീ കവിതകള്‍ കവിയുടെ ആലാപനമാധുരികൊണ്ട് ഏറെ പ്രസിദ്ധിനേടിയവയാണ്. ഗ്രാമജീവിതത്തിന്റെ ലളിതജീവിതം വരയുന്ന ആവണിപ്പാടം തൊട്ട് കാലികപ്രസക്തമായ രാഷ്ടീയപ്രമേയം സ്വീകരിച്ച ഒരു അറബിക്കഥ വരെയുള്ള കവിതകളത്രയും ആവി‍ഷ്കാരത്തിന്റെ പുതിയവഴികള്‍ കണ്ടെത്താനുള്ള ശ്രമങ്ങളത്രെ.
"കാണെക്കാണെ വയസ്സാവുന്നൂ മക്കള്‍ക്കെല്ലാമെന്നാലമ്മേ
വീണക്കമ്പികള്‍ മീട്ടുകയല്ലീ നവതാരുണ്യം നിന്‍തിരുവുടലില്‍"
എന്ന് ഏതാനും ദശകങ്ങള്‍ക്ക് മുമ്പ് കവി ഭൂമിയുടെ നിത്യതാരുണ്യത്തില്‍ വിസ്മയം കൊണ്ടിട്ടുണ്ട്. നിത്യഹരിതയായ ഭൂമിയും അതിലെ ജീവിതവും കവിയുടെ കാല്പനികമനസിനെ നിര്‍വൃതിയിലാഴ്ത്തി. പക്ഷേ മാറിയലോകത്തിരുന്നുകൊണ്ട് പഴയ പല്ലവി തന്നെ ആവര്‍ത്തിക്കാന്‍ ആവതില്ല. ഇന്ന് ഭൂമി ആസന്നമരണയാണ്. നാണക്കേടിന്റെ ഭാണ്ഡക്കെട്ടുമായി സൗരയൂഥപ്പെരുവഴിയിലൂടെ വേച്ചുനടക്കുന്ന ഉപേക്ഷിക്കപ്പെട്ട അമ്മയാണ് ഇന്ന് ഭൂമി. മാതാവിന്റെ ആസന്നമൃതിക്ക് മുന്‍കൂട്ടി ചരമഗീതം കുറിക്കാന്‍ വിധിക്കപ്പെട്ടവനാണ് കവി. എണ്ണിയാല്‍ തീരാത്ത സന്തതികളെപ്പെറ്റ ഭൂമാതാവ്, മക്കള്‍തമ്മില്‍ തലതല്ലിത്തകര്‍ക്കുന്ന അടര്‍ക്കളത്തില്‍ ദു:ഖസാക്ഷിയായി നില്‍ക്കേണ്ടിവന്നവളാണ്. അത്യാഗ്രഹവും ഭോഗതൃഷ്ണയും പെരുത്തമക്കളാവട്ടെ അമ്മയെത്തന്നെ വെട്ടിവിഴുങ്ങാന്‍ മടിക്കാത്തവര്‍. പ്രിയതമനായ സൂര്യനണിയിച്ച മനോഹരകഞ്ചുകം അമ്മയുടെ ശരീരത്തില്‍ നിന്ന് വലിച്ചൂരാന്‍ അവര്‍ക്ക് മടിയില്ല. അമ്മയെ ബലാല്‍ക്കാരം ചെയ്യുന്ന മക്കളെ മനുഷ്യരെന്നു വിളിക്കേണ്ടി വരുന്നതിലെ മാനക്കേട് കവിക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. ഇനിയും മരിക്കാത്തഭൂമി എന്ന അഭിസംബോധനതന്നെ കവിയുടെ ഭാവശക്തിവെളിപ്പെടുത്തും വിധം തീക്ഷ്ണതയാര്‍ന്നതാണ്. "നീയാകുമമൃതവും മൃതിയുടെ ബലിക്കാക്ക കൊത്തി" എന്ന നിശിതമായ വേദന പങ്കിട്ടുകൊണ്ടാണ് കവിത അവസാനിക്കുന്നത്. മനുഷ്യവംശം ഏതോ ദുരന്തമുനമ്പിലേക്കാണ് മുന്നേറുന്നത് ഏന്ന തിരിച്ചറിവ് പകരുന്ന ചരമഗീതം പ്രകൃതിചൂഷണത്തെക്കുറിച്ച് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ഫലവത്തായ കാവ്യപ്രതികരണങ്ങളിലൊന്നാണ്.
'കെട്ടുപോയ് ഞങ്ങളിലെ സൂര്യന്‍' എന്ന ആത്മവിചാരണതന്നെയാണ് സൂര്യഗീതത്തിന്റെയും ഉള്ളടക്കം. എല്ലാം വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ പടപ്പാച്ചിലില്‍ അവനും അവന്റെ നിലനില്‍പിനാധാരമായ പ്രകൃതിയും ഇല്ലാതാവുമെന്ന ഭീതിയുടെ ഇരുട്ട് സൂര്യഗീതത്തിലുമുണ്ട്. കവിതയുടെ ആദ്യഖണ്ഡം ഭൂമിയിലെ ജീവന്റെ ആഹ്ലാദഭരിതമായ നൃത്തം കല്പനാസുന്ദരമായ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്നു. സൂര്യന്റെ അക്ഷയപാത്രത്തില്‍ നിന്ന് ഉറന്നൊഴുകുന്ന 'ഇത്തിരിച്ചുടുപാല്‍' കുടിച്ച് തെഴുത്ത ഭൂമിയിലെ ശതശാഖികളാര്‍ന്ന ജീവിതത്തിന്റെ ഉന്മത്തനൃത്തം മനോഹരം തന്നെ. പക്ഷേ അതിനിയും എത്രനാള്‍ നിലനില്ക്കുമെന്ന ആശങ്ക കവിയില്‍ നിറയുന്നു. 'മാനത്തൊരു പ്രാപ്പിടിയന്‍ റാകിപ്പറക്കുന്നുണ്ട്; ഈ ജീവചൈതന്യത്തെ കൊത്തിയുടയ്ക്കാന്‍.' സ്വാര്‍ഥതയുടെ ബലിപീഠത്തില്‍ പൊന്നനുജനെ കുരുതികൊടുക്കാന്‍ മടിക്കാത്ത മനുഷ്യന്‍ പ്രകൃതിയുടെ സര്‍ഗശക്തിയുടെ ശത്രുവായിമാറിക്കഴിഞ്ഞിരിക്കുന്നു. ജീവന്റെ സാന്നിദ്ധ്യം നഷ്ടപ്പെട്ട് ഈ ഭൂമി തണുത്തുറഞ്ഞ ചിതാഭൂമിയായി മാറിയേക്കും. പരിഹാരമെന്ത് ? നഷ്ടപ്പെട്ടുപോയ മഹാമൂല്യങ്ങളുടെയും സ്വപ്നങ്ങളുടെയും അമൃതബിന്ദുക്കള്‍ വാക്കിലും നോക്കിലും നിറക്കുക. ആശ്രമമൃഗങ്ങളേയും, കാപ്പിരിച്ചെറുമനേയും അഭയാര്‍ഥിയേയും അക്രമിക്കാന്‍ പുറപ്പെടുന്ന അവിവേകശക്തികളോട് അരുതരുതെന്നു വിളിച്ചുപറയുക. വാക്കിന്റെ തിരിയില്‍ സത്യത്തിന്റെ വെളിച്ചം വിരിയുമ്പോള്‍, ആത്മാവിന്റെ സ്വാതന്ത്ര്യത്തിന്റെ ധീരശബ്ദം മുഴങ്ങുമ്പോള്‍ സൂര്യചൈതന്യം നമ്മില്‍ വീണ്ടും നിറയും. സുസ്നേഹമൂര്‍ത്തിയായ സൂര്യന്‍ ജീവദാതാവായി നമുക്ക് മുകളില്‍ വീണ്ടും വിരിയും. ശുഭപ്രതീക്ഷയുടെ വിദൂരവെളിച്ചം ബാക്കിനിര്‍ത്തിയാണ് സൂര്യഗീതം അവസാനിക്കുന്നത്.

എല്ലാം നഷ്ടപ്പെടുന്നവരുടെ നിസ്സഹായമായ നിലവിളിയാണ് കൃഷ്ണപക്ഷത്തിലെ പാട്ട്. കൃഷ്ണപക്ഷമെന്നാല്‍ കറുത്തവാവെന്നര്‍ഥം. കൃഷ്ണനെ നഷ്ടപ്പെട്ട അമ്പാടിയിലെ നിസ്വജനം, പ്രതീക്ഷകളറ്റ് കൂരിരുട്ടില്‍ നിന്ന് നടത്തുന്ന സംഘവിലാപമാണ് ഈ കവിത. അവരുടെ യമുനാനദിയുടെ ശുദ്ധി ആരോ നശിപ്പിച്ചിരിക്കുന്നു. കടമ്പിന്റെ ചുണ്ടത്തെ രക്തം ഊറ്റിക്കുടിച്ചിരിക്കുന്നു. ഗോപസ്ത്രീകളെ കറവപ്പശുക്കളെപ്പോലെ ആട്ടിത്തെളിച്ചുകൊണ്ടുപോയിരിക്കുന്നു. ഒടുവിലായി അവര്‍ക്ക് ഇടയനും സര്‍വസ്വവുമായ കൃഷ്ണനും അപഹരിക്കപ്പെട്ടിരിക്കുന്നു. അവരുടെ കൃഷ്ണന്‍ ഇപ്പോള്‍ ശത്രുക്കളുടെ അന്തപ്പുരത്തില്‍ പൊന്‍കിരീടമണിഞ്ഞിരിക്കുന്നു. പൂതനകളോടൊപ്പം സുഖഭോഗകാമനകളില്‍ മുഴുകി പഴയതെല്ലാം മറന്നുപോയിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ട നിസ്വലോകത്തിന് ആ കൃഷ്ണനെ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയല്ലാതെ നിര്‍വാഹമില്ല. അത്രമേല്‍ നിരാധാരരാണവര്‍. കാലാകാലങ്ങളായി ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പാത്രമായി ആത്മബലം നഷ്ടപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതീകലോകമാണ് കവിതയിലെ അമ്പാടി. നഷ്ടപ്പെട്ടുപോയ കൃഷ്ണനോ? നഷ്ടമായ അവരുടെ സമ്പത്തിന്റെയോ സങ്കല്പത്തിന്റെയോ പ്രതീക്ഷയുടെയോ ഒക്കെ പ്രതീകമാവാം കൃഷ്ണന്‍.

മനുഷ്യജീവിതത്തിന്റെ മഹത്വം കവിയെ എല്ലായ്പോഴും ആഹ്ലാദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. ഉദയോന്മേഷമേകുന്ന ജീവപ്രകൃതിയില്‍ ലയിച്ചിരുന്നു പാടുന്ന കലാകാരന്മാരിലെല്ലാം നിറയുന്ന കേവലാഹ്ലാദത്തിന്റെ നിറവ് ഒന്നുതന്നെയെന്ന് ആറാംസിംഫണിയില്‍ കവി തിരിച്ചറിയുന്നു. സിംഫണികളുടെ സ്രഷ്ടാവായ ബീഥോവാന്റെ സംഗീതം തന്നിലുണര്‍ത്തുന്ന അനുഭൂതിലോകത്തെ പ്രസരിപ്പാര്‍ന്ന ജീവിതചിത്രങ്ങളിലൂടെ കവി സമര്‍ഥമായി പകര്‍ത്തുന്നു. ബീഥോവാന്റെ ആറാം സിംഫണി പൂത്തുനില്ക്കുന്ന പുഴയോരങ്ങളിലൂടെയും പേരറിയാത്ത പൂക്കളുടെ ഉദ്യാനങ്ങളുടെയും കറ്റക്കളങ്ങളിലൂടെയും തന്നെ കൊണ്ടുനടത്തുന്നു. ഒരേ പാട്ടിന്റെ താളത്തില്‍ വിതച്ചുകതിര്‍കൊയ്യുവോര്‍, ഒരേ പാത്രത്തില്‍ നിന്നൊരപ്പമാഹരിച്ചുയിര്‍പോറ്റുവോര്‍ - എല്ലാവരും എല്ലാത്തിനും അവകാശികളാവുന്ന സമത്വലോകത്തിന്റെ ദര്‍ശനമാണ് ആറാംസിംഫണിയും കവിയില്‍ നിറക്കുന്നത്.

സ്ത്രീജീവിതത്തിന്റെ അരക്ഷിതത്വവും വേദനയും ലളിതമെങ്കിലും തീവ്രമായി അവതരിപ്പിക്കുന്ന കവിതകളാണ് കോതമ്പുമണികളും കുഞ്ഞേടത്തിയും. നാടന്‍പാട്ടിന്റെ അനായാസതയും ലയവുമാണ് ഈ കവിതകളെ ഏറെ ആകര്‍ഷകമാക്കുന്നത്. പഞ്ചാബിലായാലും കേരളത്തിലായാലും സ്ത്രീ ജീവിക്കുന്നത് അരക്ഷിതലോകങ്ങളിലാണെന്ന് ഈ കവിതകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അനുജന്റെ ഓര്‍മകളിലൂടെ വിരിയുന്ന ഏടത്തിയുടെ ജീവിതചിത്രമാണ് കുഞ്ഞേടത്തി. ഒറ്റയ്ക്കടുപ്പില്‍ തീയൂതിയും ഒറ്റയ്ക്കിരുന്ന് കരഞ്ഞും ഒടുങ്ങിയവളാണവള്‍. ഒടുവില്‍ ഒറ്റയ്ക്കുതന്നെ പുഴയുടെയാഴങ്ങളിലേക്ക് യാത്രയായപ്പോള്‍ കുഞ്ഞേടത്തിയുടെ വയറ്റിലൊരുണ്ണിയുണ്ടായിരുന്നുപോല്‍. സ്വപ്നങ്ങളിലും ദു:ഖങ്ങളിലും ഹോമിച്ചൊടുങ്ങുന്ന സ്തീജന്മത്തിന്റെ മറ്റൊരു മുഖമാണ് കോതമ്പുമണികളിലുള്ളത്. 'നീയിന്നു നിന്നിലൊളിക്കുന്നു, നീയിന്നു നിന്നെ ഭയക്കുന്നു' - ഇതാണ് ഉത്തരേന്ത്യന്‍ പെണ്‍കുട്ടിയുടേയും സ്ഥിതി. അവള്‍ പ്രതീക്ഷിക്കുന്നതോ ? മാരനെയല്ല, മണാളനെയല്ല, മാനം കാക്കുമൊരാങ്ങളയെ.

സാമൂഹ്യപ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്നവ തന്നെയാണ് സമാഹാരത്തിലെ ഒരുപുരാവൃത്തം, കാഞ്ചനസീത, ആമ്പല്‍പ്പൂ വില്‍ക്കുന്ന പെണ്‍കുട്ടി, ഒരു തൈനടുമ്പോള്‍, എന്റെ മണ്ണില്‍ തുടങ്ങിയ കവിതകള്‍. ആലപ്പുഴയില്‍ ലോഹമണല്‍ഖനനത്തിനു വന്ന സായ്പിന്റെ ആട്ടുംതുപ്പും അടിയുമേറ്റ് അപമാനം പൊറുക്കാതെ ആത്മഹത്യ ചെയ്ത നാട്ടുകാരന്റെ കയര്‍ത്തുമ്പിലെ ജഡമാണ് തന്നിലാദ്യമായി സ്വാതന്ത്ര്യസങ്കല്പമുണര്‍ത്തിയതെന്ന് ഒരു പുരാവൃത്തത്തില്‍ ഒ. എന്‍.വി സ്മരിക്കുന്നു. ഭൂഗര്‍ഭത്തിലേക്ക് അപ്രത്യക്ഷമായ സീതയെ അന്വേഷിച്ചു പോയ ഒരു ജനത മണ്ണിനടിയില്‍ സ്വര്‍ണസാന്നിധ്യമായി മാറിയ ദേവിയെ കമ്പോളച്ചരക്കാക്കി മാറ്റിയെന്ന വിമര്‍ശനമാണ് കാഞ്ചനസീത. സീതയ്ക്കുപകരം സ്വര്‍ണത്തെ ആദര്‍ശമായി കാണുന്ന ഒരു ജനതയുടെ ധാര്‍മികവീഴ്ചതന്നെയാണ് കവിതയുടെ പ്രമേയം. അമ്പലനടയില്‍ ദേവന്റെ ഇഷ്ടനൈവേദ്യമായ ആമ്പല്‍പ്പൂ വില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ചെറുതെങ്കിലും ഹൃദയം തൊടുന്നതാണ്. ദേവാലയമുറ്റത്തു നില്‍ക്കുന്ന ദരിദ്രബാല്യം ദൈവനീതിയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. ഒരു തൈ നടുമ്പോള്‍ ഒരു മുദ്രാവാക്യ കവിതയുടെ ലാളിത്യം ദീക്ഷിക്കുന്നു; അപ്പോഴും കവിതയുടെ പീലിത്തഴപ്പ് വിടര്‍ന്നാടുകയും ചെയ്യുന്നു. വൃക്ഷത്തിന്റെ സൗന്ദര്യമൂല്യവും സാമൂഹ്യമൂല്യവും ബോധ്യപ്പെടുത്താന്‍ ഈ കൊച്ചു കവിതയ്ക്ക് സാധിക്കുന്നു.

ഒരു അറബിക്കഥ. കവിതയിലെഴുതിയ ഒരു കഥ തന്നെ. വീടില്ലാതെ അലയുകയായിരുന്ന ജൂതന് വീടു നല്‍കിയ ചങ്ങാതി അവിടെ കൂടുകൂട്ടിയിരുന്ന പക്ഷിയെ വെടിവെച്ചുകൊല്ലണമെന്നാവശ്യപ്പെടുന്നു. ജൂതനതു ചെയ്തു. ജുതനും ചങ്ങാതിയും ഭക്ഷണത്തിനിരുന്നപ്പോള്‍ തീന്‍മേശയിലെ ഇറച്ചിപ്പാത്രത്തില്‍ നിന്ന് അഗ്നിച്ചിറകുകളുമായി പക്ഷി പറന്നുയര്‍ന്നു. ഇതാണ് കഥ. ഇസ്രായേലില്‍ ജൂതരാജ്യം കെട്ടിപ്പൊക്കാന്‍ കൂട്ടുനിന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ക്രൂരതയും പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യദാഹവുമാണ് കവിതയുടെ ഉള്ളിലിരിപ്പ്.

കവിമനസ്സിന് സ്വാതന്ത്ര്യത്തോളം വലിയ മറ്റൊരാദര്‍ശവുമില്ല. രാഷ്ട്രീയ സ്വാതന്ത്യം മാത്രമല്ല മനസ്സിന്റെ നിരുപാധികമായ സ്വാതന്ത്ര്യവും കവിക്ക് പ്രധാനമാണ്. സ്വാതന്ത്ര്യത്തിന്റെ വില പാലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യമോഹങ്ങളെ ആവേശപൂര്‍വം അഭിനന്ദിക്കുന്ന കവിതയത്രെ. നീ തനിച്ചല്ലാ പലസ്തീന്‍ എന്ന ഐക്യദാര്‍ഢ്യവിളംബരം ലോകമാകമാനം ഉയര്‍ന്നു വരുന്ന സ്വാതന്ത്ര്യബോധത്തിന്റെ ശബ്ദമാണ്. പക്ഷിശാസ്ത്രം എന്തിനോ നീലാകാശത്തേക്കു കണ്ണെറിഞ്ഞ് ചിറകിന്‍തൂവലരിയപ്പെട്ട് കൂട്ടില്‍ കിടക്കുന്ന ഭാഗ്യം പറയുന്ന പക്ഷിയുടെ ദുര്‍വിധി ചിത്രീകരിക്കുന്നു. ഇനി എന്തു മോചനം എന്ന് സ്വയം ശപിക്കുന്ന കൂട്ടിലെ പക്ഷി കവിഹൃദയത്തിന്റെ പര്യായഭേദം തന്നെയാണ്. സാമൂഹ്യശീലങ്ങളുടെയും തത്വശാസ്ത്ര വിഭാഗങ്ങളുടെയും കൂട്ടില്‍പ്പെട്ടുകിടക്കുന്ന മനുഷ്യന് സഹജവാസനകളുടെയും സര്‍ഗാത്മകതയുടെയും നീലാകാശങ്ങളിലേക്ക് ഇഷ്ടാനുസരണം പാറിനടക്കാനാവുന്നില്ലയെന്ന ഖേദമാണ് ഈ കവിത.

ഭാരതത്തിന്റെ ഭാഗധേയത്തെക്കുറിച്ച് ആശങ്കപ്പെടുന്ന കവിതകളത്രെ ഇന്ത്യ 1984 : മൂന്നു ഗീതങ്ങള്‍. വിഭാഗീയതയും വിഘടനപ്രവണതയും കൊണ്ട് പൊറുതിമുട്ടുന്ന ഭാരതത്തെ മക്കളുടെ ഇരയായി മാറുന്ന തള്ളഞണ്ടായി ചിത്രീകരിക്കുന്നുണ്ട് കവി ഞണ്ട് എന്ന കവിതയില്‍. മണ്ണിനടിയില്‍ നിന്ന് ഭീകരമായ ശബ്ദങ്ങളുടെ ചെത്തം കേട്ട് ഉരുകുന്ന കവി മാതൃഭൂമിയോട് ഇങ്ങനെ ചോദിക്കുന്നു. 'നെഞ്ചിലുറക്കിയ ദു:ഖങ്ങള്‍ ദുസ്വപ്നം കണ്ടിട്ട് പൊട്ടിക്കരഞ്ഞതാണോ?' ( അജ്ഞാത ശബ്ദങ്ങള്‍ ) റഷ്യന്‍ പര്യടനത്തിന്റെ സ്മരണകളില്‍ പുഷ്പിച്ചവയാണ് യാത്രാഗീതങ്ങള്‍. യാത്രാനുഭവങ്ങള്‍ കവിയിലേക്കു പകരുന്ന പാഠം ഇതത്രെ. 'മര്‍ത്ത്യന്നൊരു ചോരയാണെങ്ങും.'

ഭൂമിയുടെ, അതിലെ ജീവന്റെയുന്മത്തനൃത്തത്തിന്റെ ഭാവിയെക്കുറിച്ച് കവി ആശങ്കാകുലനാണ്. ഈ വിസ്മയങ്ങളിനിയെത്ര കാലം എന്ന ഭയം കവിയില്‍ നിറയുന്നുണ്ട്. എങ്കിലും പൂര്‍ണമായ ഇരുട്ടിനെ പ്രവചിക്കുന്ന കവിയല്ല ഒ എന്‍ വി. തിരുത്താനും തിരിച്ചുവരാനുമുള്ള മനുഷ്യന്റെ സിദ്ധിയില്‍ കവി പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. അകലെ ശാന്തത പുതച്ചുറങ്ങുന്ന താരാപഥമുണ്ടെങ്കിലും എനിക്ക് ഉലഞ്ഞു നീങ്ങുന്ന ഈ ഭൂമിയുടെ ചെറുനൗകാഗൃഹത്തിലിരിക്കാനേ കൊതിയുള്ളൂവെന്ന് വെറും നുണയില്‍ കവി തെളിച്ചുപറയുന്നു. ഇരുളും വെളിച്ചവും കൈതപ്പൂഗന്ധവും ചകിരിച്ചോര്‍ചീയുന്ന മണവും, ഹ്ലാദവിഷാദങ്ങളും ഇടകലര്‍ന്ന മനുഷ്യജീവിതത്തിന്റെ പ്രകീര്‍ത്തനം തന്നെയാണ് ഒ എന്‍ വിയുടെ കവിതകള്‍‍.

No comments:

Post a Comment