Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, August 12, 2009

എന്താണ് ഹാര്‍ഡ്​വെയര്‍ ക്ലിനിക്ക് ?




ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്​നോളജി പദ്ധതി (ഐ.സി.ടി സ്കീം)യില്‍ അംഗങ്ങളായ എയ്ഡഡ് സ്ക്കൂളുകളിലെ തകരാറിലായ കമ്പ്യൂട്ടറുകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഹാര്‍ഡ്​വെയര്‍ ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് വിദ്യാഭ്യാസവകുപ്പും ഐടി@സ്കൂളും ചേര്‍ന്ന് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഐ.സി.ടി സ്കീമില്‍ ചേര്‍ന്ന സ്ക്കൂളുകള്‍ ഇനി പണമടക്കേണ്ടതില്ല എന്ന നിര്‍ദ്ദേശവും പുതുതായി വന്നിട്ടുണ്ട്. ഈ പദ്ധതിയില്‍ ചേരുന്നതിന് വേണ്ടി ഓരോ സ്ക്കൂളിനോടും 33000 രൂപയായിരുന്നു അടക്കാനാവശ്യപ്പെട്ടിരുന്നത്. ഇപ്രകാരം പദ്ധതിയില്‍ ചേര്‍ന്ന സ്ക്കൂളുകളില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കമ്പ്യൂട്ടറുകളിലെ മോണിറ്റര്‍ ഒഴികെയുള്ള കേടായ ഏതുഭാഗവും സൌജന്യമായി തന്നെ മാറ്റി വെച്ചു നല്‍കും. എന്നാല്‍ ഒരു സ്ക്കുളിന് വേണ്ടി ആകെ 15000 രൂപയ്ക്കുള്ള ഉപകരണങ്ങള്‍ മാത്രമേ മാറ്റി വെച്ചു നല്‍കുകയുള്ളു.

ആകെ 5 കമ്പ്യൂട്ടറുകള്‍ മാത്രമേ പരിശോധനക്കായി കൊണ്ടു വന്നാല്‍ മതിയെന്ന് ആദ്യമേ നിര്‍ദ്ദേശമുണ്ടായിരുന്നു. എങ്കിലും സബ്സ്റ്റിറ്റ്യൂട്ട് സിസ്റ്റങ്ങളുമായാണ് ചില സ്ക്കൂളുകാരെത്തിയത്. കെല്‍ട്രോണിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി രാവിലെ 9 ന് ആരംഭിച്ച് രാത്രി 9 മണി വരെ നീണ്ടു പോയിരുന്നു. ഇതു മുന്‍കൂട്ടി കണ്ട ഐ.ടി@സ്ക്കൂള്‍ ജില്ലാ നേതൃത്വം ഓരോ സ്ക്കൂളില്‍ നിന്നും പുരുഷ അദ്ധ്യാപകരെക്കൂടി കൊണ്ടുവരാനാവശ്യപ്പെട്ടിരുന്നു. പരിപാടിയുടെ ദൈര്‍ഘ്യത്തെപ്പറ്റി മുന്‍കൂട്ടി ധാരണനല്‍കിയിരുന്നത് മൂലം അദ്ധ്യാപകരാരും സമയം നോക്കി ആകുലരാകുന്നത് കാണാനുണ്ടായിരുന്നില്ല. രാത്രി 9 മണി വരെ കാത്തു കെട്ടി നില്‍ക്കേണ്ടി വന്നെങ്കിലും സ്ക്കൂളുകളില്‍ പ്രവര്‍ത്തനരഹിതമായിരുന്ന കമ്പ്യൂട്ടറുകള്‍ തികച്ചും സൌജന്യമായി നന്നാക്കിയെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷം അദ്ധ്യാപകരുടെ മുഖത്ത് നിഴലിച്ചിരുന്നു. അതുകൊണ്ടു തന്നെ പരിപാടി നൂറ് ശതമാനം വിജയിച്ചു എന്നു പറയാം.

മൂന്ന് ദിവസങ്ങളിലായിട്ടാണ് ഹാര്‍ഡ്​വെയര്‍ ക്ലിനിക്ക് നടന്നത്. ഓരോ സ്ക്കൂളുകളും വരേണ്ടത് ഏതു ദിവസമാണെന്നുള്ള ഒരു ടൈംടേബിള്‍ ഐ.ടി@സ്ക്കൂള്‍ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം രാവിലെ തന്നെ ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ എടുക്കണം. ഈ ക്രമത്തിലായിരിക്കും ഓരോ സ്ക്കൂളുകളുടേയും കേടു വന്ന കമ്പ്യൂട്ടറുകളെ പരിചരിക്കുക. ആറ് ടേബിളുകളിലായി ഒരേ സമയം ആറ് സ്ക്കൂളുകളെയാണ് പരിഗണിച്ചിരുന്നത്. ഒരു ടേബിളില്‍ ഒരു സ്ക്കൂളിനെ എന്ന ക്രമത്തില്‍ . നല്ല സഹകരണമുള്ളവരായിരുന്നു കെല്‍ട്രോണിലെ ഉദ്യോഗസ്ഥര്‍. നമ്മുടെ സിസ്റ്റത്തിന്റെ രോഗം എന്താണെന്ന് മുന്‍കൂട്ടി പറഞ്ഞു കൊടുക്കാന്‍ സാധിച്ചാല്‍ അവരുടെ ജോലി എളുപ്പമാകും. ഇല്ലെങ്കില്‍ അതു കണ്ടു പിടിക്കാനായി നിന്ന് സമയം പോകും. അതു കൊണ്ട് നമ്മുടെ സിസ്റ്റത്തിന്റെ ഏത് ഭാഗം കേടായിട്ടാണ് വര്‍ക്ക് ചെയ്യാത്തതെന്ന് നമുക്കൊരു ധാരണയുണ്ടായാല്‍ നന്ന്. അതു കൊണ്ട് തന്നെ പല സ്ക്കൂളുകളും തകരാറിലായ സിസ്റ്റങ്ങളെ ഹാര്‍ഡ്​വെയര്‍ വിദഗ്ദ്ധരെ കാണിച്ച് സിസ്റ്റത്തിന്റെ കോണ്‍ഫിഗറേഷനും കേടായ ഭാഗവും ഏതെന്ന് മുന്‍കൂട്ടി എഴുതി തയ്യാറാക്കിക്കൊണ്ടാണ് ക്ലിനിക്കിലേക്ക് വന്നത്. സമയലാഭം എത്രമാത്രമാണെന്ന് പറയേണ്ടതില്ലല്ലോ.

കമ്പ്യൂട്ടര്‍ കൊണ്ടു വരുമ്പോള്‍ ഓരോ സിസ്റ്റത്തിനും നമ്പറും സ്ക്കൂളിന്റെ പേരും പെര്‍മനന്റ് മാര്‍ക്കര്‍ കൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ടാകണം. ആദ്യത്തെ സിസ്റ്റം ടേബിളില്‍ കയറ്റി പരിശോധിച്ച് കേടായ ഭാഗങ്ങള്‍ക്കു പകരമുള്ള പുതിയവ "ഡോക്ടര്‍" തന്നെ സ്റ്റോറില്‍ പോയി വാങ്ങിക്കൊണ്ടു വരും. ഇങ്ങനെ പലവട്ടം കേറിയിറങ്ങേണ്ടി വരുമെങ്കിലും അതിലവര്‍ക്ക് യാതൊരു മടിയുമില്ല. കൊണ്ടു പോകുന്ന കമ്പ്യൂട്ടറുകളില്‍ കേടായ ഉപകരണങ്ങളാണെങ്കിലും അവ ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. മോണിറ്റര്‍ കൊണ്ടു വരേണ്ടതില്ല. കേടായവ ഭാഗം മാറ്റി നമ്മുടെ കയ്യില്‍ തിരിച്ചു തരും. ഒരു കമ്പ്യൂട്ടറിന് വേണ്ടി മാറിയ ഉപകരണങ്ങളുടെ വില ഒരു പേപ്പറില്‍ എഴുതി കൂട്ടുന്നു. അവയ്ക്ക് ടാക്സും ഉണ്ട്. അതിന് ശേഷം അടുത്ത കമ്പ്യൂട്ടര്‍. ഇത് 15000 രൂപയില്‍ എപ്പോള്‍ എത്തുന്നുവോ അവിടെ വെച്ച് "പരിശോധന"യും "മരുന്നുവിതരണ"വും അവസാനിക്കും. അതു കൊണ്ട് ഒരു കമ്പ്യൂട്ടര്‍ തീര്‍ത്തും കേടായിട്ടുണ്ടെങ്കില്‍ അവ കൊണ്ടു വരാതിരിക്കുക. അത് അപ്ഗ്രേഡ് ചെയ്യുമ്പോഴേക്കും 15000 രൂപ തീര്‍ന്നിട്ടുണ്ടാകും. ബാക്കി കമ്പ്യൂട്ടറുകള്‍ നോക്കാനാവുകയുമില്ല. സ്ക്കൂളില്‍ കേടായ കമ്പ്യൂട്ടറുകള്‍ ഇല്ലെങ്കില്‍ സിസ്റ്റം അപ്ഗ്രേഡ് ചെയ്യാന്‍ നോക്കിയാലും മതി.

SDR Ram 256 MB=750 രൂപ, DDR 1 Ram 512 MB=1100, സി.ഡി ഡ്രൈവ് = 470 രൂപ, ഹാര്‍ഡ് ഡിസ്ക്ക് 80 GB= 2600 കീബോര്‍ഡ് = 400 രൂപ, സീമോസ് ബാറ്ററി=15 രൂപ (വിലയില്‍ മാറ്റം വന്നേക്കാം. എല്ലാത്തിനും 4% ടാക്സ് വരും) എന്നിങ്ങനെ എല്ലാ ഉപകരണങ്ങളുടെയും വില നോക്കിതന്നെ നമുക്ക് തിരഞ്ഞെടുക്കാം.

No comments:

Post a Comment