
കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലമായി വിവരവിനിമയ സാങ്കേതികവിദ്യയുടെ നൂതനവും വൈവിദ്ധ്യമുള്ളതുമായ സങ്കേതങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് പഠനബോധനപ്രവര്ത്തനങ്ങളുടെ ഗുണമ്മേന്മ വര്‍ദ്ധിപ്പിക്കുന്നതിനും ഭരണനിര്‍വ്വഹണം ഏറ്റവും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഐ.റ്റി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. പഠനവും പരിശീലനങ്ങളും ഇന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മാത്രമല്ല മറ്റു രാജ്യങ്ങള്‍പോലും മാതൃകയാക്കുന്ന തരത്തിലേക്ക് മാറിക്കഴിഞ്ഞു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അത് പരിരക്ഷിച്ച് നിലനിര്‍ത്തുന്നതിനും രക്ഷാകര്തൃസമൂഹത്തിന്റേയും ബഹുജനങ്ങളുടെയും സഹായവും പങ്കാളിത്തവും ഉണ്ടാവേണ്ടതുണ്ട്. ഈ സൗകര്യങ്ങളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. അതിനായി രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂളുകളില്‍ ഒരുക്കിയിട്ടുള്ള നൂതനമായ ഐ.സി.ടി സൗകര്യങ്ങളെക്കുറിച്ചും അവ വിദ്യാര്‍ത്ഥികളുടെ പഠനപ്രവര്‍ത്തനത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് മള്‍ട്ടീമീടിയ റൂമില്‍ നടക്കുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് സ്കൂളുകളില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തുന്നതിനും അടിസ്ഥാന ഐ.സി.ടി നൈപുണികള്‍ (ഐ.ടി ഉപയോഗം, മലയാളം കമ്പ്യൂട്ടിംഗ്, ഇന്റര്‍നെറ്റ്) പരിശീലിപ്പിക്കുന്നതിനുമുള്ള പ്രത്യേകമായ പരിശീലന പരിപാടികള്‍ സ്കൂള്‍തലത്തില്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.